പ്രതിഷേധത്തിന്റെ പേരില്‍ കല്ലിടല്‍ നിര്‍ത്തിവെക്കില്ലെന്ന് കെ റെയില്‍ എംഡി, കല്ല് പിഴുതുമാറ്റിയ സ്ഥലങ്ങളില്‍ പുതിയ കല്ലിടും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ-റെയില്‍ എംഡി വി. അജിക് കുമാര്‍. തടസം ഉണ്ടായാല്‍ മാറ്റേണ്ടത് സര്‍ക്കാരാണ്. പ്രതിഷേധത്തിന്റെ പേരില്‍ കല്ലിടല്‍ നിര്‍ത്തിവെക്കില്ല. സാമൂഹികാഘാത പഠനം നടത്താനാണ് കല്ലിടുന്നതെന്നും ആരുടേയും ഭൂമി ഈ ഘട്ടത്തില്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരുക്കുന്നത് ഭൂമിയേറ്റെടുക്കല്ല, അതിന്റെ പ്രാഥമിക പ്രവര്‍ത്തനമായ സാമൂഹികാഘാത പഠനമാണ്. ആരുടേയും ഭൂമി ഈ ഘട്ടത്തില്‍ ഏറ്റെടുക്കില്ല. പ്രതിഷേധക്കാര്‍ കല്ല് പിഴുത് മാറ്റുന്നിടത്ത് പുതിയ കല്ലിടും. കല്ലിടല്‍ ഏകദേശം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹികാഘാത പഠനം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റും. പക്ഷേ, തടസങ്ങളുണ്ടായാല്‍ അതിനനുസരിച്ച് താമസം വരുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികാഘാത പഠനം നടത്താനാണ് കല്ലിടുന്നത്. നിശ്ചിത ഭൂമിയെ ബാധിക്കുമോ ഇല്ലയോ എന്ന് കല്ലിട്ടാലല്ലേ ആളുകള്‍ക്ക് അറിയാന്‍ സാധിക്കൂ? അതുകൊണ്ട് കല്ലിടല്‍ അത്യാവശ്യമാണ്. നിലവിലുള്ള നിയമപ്രകാരമാണ് കല്ലിടുന്നത്. കേരളാ ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികള്‍ക്കും കല്ലിടുന്നുണ്ട്. തത്വത്തില്‍ അനുമതി കിട്ടിയ എല്ലാ പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു. പദ്ധതിക്ക് എന്തുകൊണ്ട് കേന്ദ്രാനുമതി കിട്ടുന്നില്ല എന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രോജക്ട് ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടാണ്. പദ്ധിക്ക് തത്വത്തിലുള്ള അനുമതി തന്നതും കേന്ദ്ര സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ പറഞ്ഞത് കേന്ദ്ര ധനകാര്യമന്ത്രിയാണെന്നും അജിക് കുമാര്‍ പറഞ്ഞു.

Top