കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം; തുടര്‍ ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്

തിരുവനന്തപുരം: കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍ വിചിന്തനം ചെയ്യണമെന്ന നിലപാടിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി മൂലം 4033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലുള്ളത്.

4033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണം. ദുര്‍ബല മേഖലകള്‍ക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്.

പദ്ധതി മൂലം 55 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ നശിക്കും. സര്‍പ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉള്‍പ്പെടെ 1500 ഹെക്ടര്‍ സസ്യ സമ്പുഷ്ട പ്രദേശങ്ങള്‍ സിര്‍വര്‍ ലൈന്‍ മൂലം നഷ്ടപ്പെടും. 1131 ഹെക്ടര്‍ നെല്‍പാടങ്ങള്‍ അടക്കം 3532 ഹെക്ടര്‍ തണ്ണീര്‍ തടങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടും. അപൂര്‍ണമായ ഡി.പി.ആര്‍ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ന്യൂനതയാണ്. മറ്റൊരു ബദല്‍ സാധ്യത സജീവമായുള്ളതിനാല്‍ പുനര്‍ വിചിന്തനം നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്

Top