കെ-റെയില്‍ സില്‍വര്‍ലൈന്‍ ജനവിരുദ്ധം, എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളം വന്‍ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ റെയില്‍ പദ്ധതിയിലെ നിലപാട്  പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തിലും സതീശന്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുല്ലപ്പെരിയാറിലെ മരംമുറി വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍ ജന താല്‍പര്യങ്ങള്‍ക്ക് എതിരാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ഉപേക്ഷിച്ച പദ്ധതി ആണ് സില്‍വര്‍ ലൈന്‍ എന്ന പേരില്‍ എല്‍ഡിഎഫ് പൊടി തട്ടി എടുക്കുന്നതെന്ന് യുഡിഎഫ് പ്രതിനിധി സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാസര്‍കോട് നിന്ന് 4 മണിക്കൂര്‍ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആര്‍ക്കാണ് പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍ക്കാരിനെ തിരിച്ച് വിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം ഉണ്ടെങ്കില്‍ ഇതിനകം അത് നടപ്പായെനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top