സിൽവർലൈൻ: കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി, അന്തിമാനുമതി കിട്ടുമ്പോൾ തുടർനടപടിയെന്ന് കെ റെയിൽ

തിരുവനന്തപുരം: കാസർകോട് – തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി (സിൽവർലൈൻ) ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കെ റെയിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെതുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെറെയിൽ കോർപറേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്ക്് സമർപ്പിച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തൽ പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പഠനങ്ങൾ വിവിധ ഏജൻസികൾ പൂർത്തിയാക്കി വരികയാണ്. സിൽവർലൈൻ അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടേയും നിലിവിലുള്ള റെയിൽവേ കെട്ടിടങ്ങളുടേയും റെയിൽവേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെറെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയത്.

2020 സെപ്റ്റംബർ ഒമ്പതിനാണ് സിൽവർലൈൻ ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡി.പി.ആർ പരിശോധിച്ച് ബോർഡ് ഉന്നയിച്ച മറ്റ് സംശയങ്ങൾക്കെല്ലാം കെറെയിൽ നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. റെയിൽവേ ഭൂമിയുടേയും ലെവൽ ക്രോസുകളുടേയും വിശദാംശങ്ങൾക്കായി കെറെയിലും സതേൺ റെയിൽവേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സിൽവർലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യൻ റെയിൽവേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളിൽ ഇന്ത്യൻ റെയിൽവേയുടെ ഭൂമി സിൽവർലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Top