കെ റെയില്‍ പദ്ധതി; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിനായി അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിങ്ക്‌ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളും ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടില്ല. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

Top