സിൽവർലൈൻ ഡിപിആറിന് അനുമതി തേടി കെ റെയിൽ എംഡി

തിരുവനന്തപുരം: സിൽവർലൈൻ ഡിപിആറിന് അനുമതി തേടി ചീഫ് സെക്രട്ടറി കത്തയച്ചതിനു പിന്നാലെ ഡൽഹിയിൽ റെയിൽവേ ബോർഡ് പ്രതിനിധികളെ സന്ദർശിച്ച് കെ റെയിൽ എംഡി. ചീഫ് സെക്രട്ടറി കത്തയച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും ബോർഡ് മറുപടി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ നേരിട്ടു വിശദ ചർച്ചയാകാമെന്ന നിർദേശവും കത്തിൽ വച്ചിരുന്നു. ഇതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. സിവിൽ എൻജിനീയറിങ് പദ്ധതികളുടെ ചുമതലയുള്ള ബോർഡ് അംഗവുമായാണു വി.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. സിൽവർലൈൻ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു ധരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ റെയിൽവേ ഭൂമി സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോർഡ് ആവശ്യപ്പെട്ടിരുന്നതെന്നു കെ റെയിൽ പറയുന്നു.

ഇതിനായി റെയിൽവേ ഭൂമിയിൽ നടത്തുന്ന സംയുക്ത സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നു കെ റെയിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്. സാങ്കേതികമായ സംശയങ്ങളെല്ലാം തീർത്താലും വരേണ്ടതു രാഷ്ട്രീയ തീരുമാനമാണെന്നു കെ റെയിലും സംസ്ഥാന സർക്കാരും കരുതുന്നു. എന്നാൽ സർവേ കഴിഞ്ഞാലും ഡിപിആറിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ കെ റെയിലിന് ഉറപ്പില്ല. ഗതാഗത വികസന രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ ‘പിഎം ഘടിശക്തി’ പദ്ധതി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ സിൽവർലൈൻ പദ്ധതി എങ്ങനെ നിരാകരിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ ചോദ്യം.

Top