ഡിപിആര്‍ ഇപ്പോള്‍ പുറത്ത് വിട്ടത് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് കെ റെയില്‍ എംഡി

തൃശ്ശൂര്‍: ഡിപിആര്‍ ഇപ്പോള്‍ പുറത്ത് വിട്ടത് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് കെ റെയില്‍ എംഡി അജിത് കുമാര്‍. ഡിപിആര്‍ അപ്രൂവ് ചെയ്ത ശേഷം മാത്രമേ സാധാരണ പുറത്ത് വിടാറുള്ളൂവെന്നാണ് കെ റെയില്‍ എംഡി പറയുന്നത്. ഇപ്പോള്‍ പുറത്ത് വിട്ടത് സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് അത് കൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഇല്ലെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അലൈന്‍മെന്റില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാമെന്ന് പറഞ്ഞ കെ റെയില്‍ എംഡി പദ്ധതി 2025നുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അവകാശപ്പെട്ടു.

സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകള്‍ തീര്‍ക്കുമെന്നും റവന്യുമന്ത്രി കെ രാജന്‍ ഇന്ന് തൃശ്ശൂരിലെ യോഗത്തില്‍ പറഞ്ഞിരുന്നു. അതീവരഹസ്യരേഖയാണന്നും ടെണ്ടറിന് മുമ്പെ പുറത്തുവിടാനാകില്ലെന്നും വാദിച്ചിരുന്ന കെ റെയിലിന്റെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് രണ്ട് ദിവസം മുമ്പാണ്.

വിശദ പദ്ധതി രേഖ അനുസരിച്ച് 2025-26 ല്‍ കമ്മീഷന്‍ ചെയ്യുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന പറയുന്ന പദ്ധതി രേഖ നിര്‍മ്മാണഘട്ടത്തില്‍ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top