കെ-റെയില്‍; സര്‍ക്കാരിന്റെ ലക്ഷ്യം ക്വാറി മാഫിയയെ സഹായിക്കലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പദ്ധതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ബിജെപി. അശാസ്ത്രീയമായ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആര്‍ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ഡിപിആറിലൂടെ വ്യക്തമായെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ക്വാറി മാഫിയയെ സഹായിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കെ-റെയില്‍ കേരളത്തെ വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്.

രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനില്‍ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോള്‍ കെറെയിലില്‍ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

 

Top