കെ-റെയില്‍; വീട് കയറി പ്രചാരണം, പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കെ-റെയില്‍ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരികയും ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി കെ-റെയില്‍ പദ്ധതിയെ തുറന്നു കാട്ടുന്ന ലഘുരേഖകളുമായി അടുത്ത ആഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കേറി പ്രചാരണം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

”ഈ സര്‍ക്കാര്‍ കാതലും പൂതലും ഇല്ലാത്തത്. മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ ഈ ബുദ്ധി തോന്നാന്‍ കാരണം എന്താണ്. കെ റെയില്‍ രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ്. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാന്‍ എന്താണ് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വന്തം ഏജന്‍സിയെ വച്ച് തട്ടിപ്പ് സ്വപനം കാണേണ്ട. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. കെ റെയില്‍ പദ്ധതിയില്‍ ജനഭിപ്രായം അറിയണം എന്നു എല്ലാവരും പറഞ്ഞില്ലേ. എന്നാല്‍ ഇക്കാര്യത്തിലെ സിപിഐഎം നയം മനസിലാകുന്നില്ല. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്.

കെ റെയിലിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ ലഘുരേഖകളുമായി വീടുകള്‍ കയറും. പ്രസംഗവും പത്രസമ്മേളനവും നിര്‍ത്തി സമരമുഖത്തേക്ക് പോകും. ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടപ്പാവില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. അടുത്ത ആഴ്ചമുതല്‍ ലഘുരേഖകളുമായി യുഡിഎഫ് വീട് കയറി പ്രചാരണം ആരംഭിക്കും. എല്ലായിടത്തും നിയമനമടക്കം സിപിഐഎം ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ഡീലിറ്റ് ശുപാര്‍ശയിലെ ഇടപെടല്‍ പോലും ഇതിന് ഉദാഹരമാണ്. ഗവര്‍ണര്‍ പറഞ്ഞതില്‍ എന്താണ് യുക്തി.” സുധാകരന്‍ പറഞ്ഞു.

Top