കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, മുഖ്യമന്ത്രി വേറെ പദ്ധതികള്‍ കണ്ടെത്തണമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികള്‍ കണ്ടെത്തണം. കെ റെയില്‍ പദ്ധതിയില്‍ ഭീമമായ അഴിമതിയാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രന്‍. കോഴിക്കോട് കെ റെയില്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരു ലക്ഷം കോടിയില്‍ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നില്‍ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരില്‍ കോടികള്‍ കമ്മീഷന്‍ പറ്റാന്‍ ആണ് ശ്രമം. സാര്‍വത്രിക അഴിമതി ആണ് ലക്ഷ്യം.

പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങള്‍, പലിശ, കണ്‍സ്സള്‍ട്ടന്‍സി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സര്‍ക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയില്‍ പദ്ധതിക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ തയാറാവണം. വികസനത്തിന് മുന്‍ഗണന ക്രമം നല്‍കി പദ്ധതികള്‍ നടപ്പാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top