കെ റെയില്‍ നടപ്പായാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കില്ല

കെ റയില്‍ വിവാദമാണിപ്പോള്‍ എങ്ങും പടരുന്നത്. യു.ഡി.എഫ് എം.പിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതോടെ നാഷണല്‍ മീഡിയകള്‍ക്കും കെ റയില്‍ ഇപ്പോള്‍ ചൂടുള്ള വിഷയമാണ്.അതേസമയം ഇതില്‍ തൊട്ടതിന് ഒടുവില്‍ കൈ പൊള്ളാന്‍ പോകുന്നതും യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും തന്നെയാണ്. അതിനും ഉണ്ട് വ്യക്തമായ കാരണങ്ങള്‍…. കെ.റയില്‍ പദ്ധതി നടന്നാലും ഇല്ലങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു കോട്ടവും തട്ടാനില്ല. പദ്ധതി നടന്നാല്‍ അത് സര്‍ക്കാറിന്റെ വികസന കുതിപ്പായി ഇടതുപക്ഷം ആഘോഷിക്കും നടന്നില്ലങ്കില്‍ പ്രതിപക്ഷത്തെ വികസന ‘മുടക്കികളായും’ ഭരണപക്ഷം ചിത്രീകരിക്കും. ഈ സാഹചര്യത്തെ പ്രതിപക്ഷം എങ്ങനെ നേരിടും എന്നതിനെ കൂടി അടിസ്ഥാനമാക്കിയാവും അവരുടെ ഭാവിയും നിര്‍ണ്ണയിക്കപ്പെടുക.

ഇടതുപക്ഷത്തെ സംബന്ധിച്ച്… തങ്ങള്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതാണ് നടപ്പാക്കുവാന്‍ ശ്രമിക്കുന്നത് എന്നു പറയുമ്പോള്‍ അതില്‍ ഒരു ഹിഡന്‍ അജണ്ടയും ആരോപിക്കുക സാധ്യമല്ല. പ്രബുദ്ധരായ കേരള ജനത വികസനം ആഗ്രഹിക്കുന്നു എന്നും ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്നുമാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥല ഉടമകള്‍ക്കുള്ള അജ്ഞതയും പ്രതിഷേധം പടരാന്‍ ഒരു പരിധിവരെ കാരണമായതായാണ് സര്‍ക്കാറും വിലയിരുത്തുന്നത്. കുറ്റിയടിക്കാന്‍ പോയവരില്‍ ചിലര്‍ ഉണ്ടാക്കിയ ‘കുത്തിതിരുപ്പും’ പ്രതിഷേധം ശക്തമാകാന്‍ വഴി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസിനും വലിയ വീഴ്ച പറ്റിയിട്ടുണ്ട്. സ്ഥല ഉടമകളോട്… പ്രത്യേകിച്ച് വീട്ടുടമകളോട് മാന്യമായി ഇടപെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ച കെ റെയില്‍ വിരുദ്ധ സമരക്കാരാണ് നിലവില്‍ മുതലെടുത്തിരിക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറിയുള്ള പ്രചാരണത്തിന് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകള്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി വീടുകള്‍ കയറിയിറങ്ങി പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുവാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. പ്രതിപക്ഷ സമരത്തിന് ‘ബദലായി’ ജനസഭാ സദസ്സ് സംഘടിപ്പിച്ച് സമരഭൂമിയായ ചോറ്റാനിക്കരയിലും പ്രതിരോധം തീര്‍ക്കാനാണ് ആ സംഘടന ശ്രമിക്കുന്നത്. ‘കെ റയില്‍ വരണം കേരളം വളരണം’ എന്നതാണ് ഈ പ്രതിരോധത്തിന്റെ ടാഗ് ലൈന്‍.കെ റെയില്‍ നാടിന് ആവശ്യമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളില്‍ ജനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഡിവൈഎഫ്‌ഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഈ പദ്ധതി നടപ്പാക്കാതിരിക്കാന്‍ ശക്തമായ ഇടപെടലുമായി കേരളത്തിലെ സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട്.കേന്ദ്ര അംഗീകാരം പദ്ധതിക്ക് ലഭ്യമായാല്‍ അത് കേരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വെ മന്ത്രിയുടെ നിലപാടിനെയും നാം വിലയിരുത്തേണ്ടത്. മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം നാഗ് പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം വഴിയുള്ള ഒരു ഇടപെടലും കേരളത്തിലെ പരിവാര്‍ നേതാക്കള്‍ മുന്‍കൈ എടുത്ത് നടത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയെ കൂടി സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം പാര്‍ട്ടിയുടെ കേരളത്തിലെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് ബി.ജെ.പി കോണ്‍ഗ്രസ്സ് സംസ്ഥാന നേതാക്കള്‍ അവരുടെ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആവേശം കണ്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തൂത്തുവാരുമെന്ന അഹങ്കാരമാണുള്ളത്. ഇവിടെയാണ് പ്രതിപക്ഷത്തിന്റെ സകല കണക്കു കൂട്ടലുകളും തെറ്റാന്‍ പോകുന്നത്. ഒരു പദ്ധതി കൊണ്ട് ഒലിച്ചു പോകുന്ന അടിത്തറയല്ല ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് കേരളത്തിലുള്ളത്.

വ്യക്തമായ അടിത്തറയാണ് ചെമ്പടക്ക് ഈ മണ്ണില്‍ ഉള്ളത്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമായതിനാല്‍ കെ റെയില്‍ സംബന്ധമായി വാദിച്ചു നില്‍ക്കാന്‍ നിരവധി കാരണങ്ങളും ഇടതുപക്ഷത്തിനുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പദ്ധതികളുമായി താരതമ്യം ചെയ്താല്‍ കെ റെയില്‍ അത്ര വലിയ പദ്ധതി ഒന്നുമല്ലന്നതും നാം മനസ്സിലാക്കണം. അവിടെ പദ്ധതിയാകാം ഇവിടെ വേണ്ട എന്നതാണ് ഈ പാര്‍ട്ടികളുടെ നിലപാട്.

ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന എതിര്‍പ്പാണ് ഇപ്പോഴുള്ളത്. അതാകട്ടെ ഫലപ്രദമായി പുനരധിവാസം സാധ്യമാക്കിയാല്‍ തീരാവുന്ന പ്രശ്‌നവുമാണ്. പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ നടത്തിയും ആശങ്കകള്‍ പരിഹരിച്ചും മാത്രമേ കെ റെയില്‍ പദ്ധതി നടപ്പാക്കു എന്നാണ് സി.പി.എമ്മും സര്‍ക്കാറും വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ മാത്രമേ കേരളം പോലുള്ള സംസ്ഥാനത്ത് ഏത് സര്‍ക്കാറിനും മുന്നോട്ടും പോകാന്‍ കഴിയുകയൊള്ളു. അക്കാര്യത്തിലും ഒരു തര്‍ക്കവുമില്ല. കേന്ദ്രം ഈ പദ്ധതിക്ക് റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയാല്‍ ആ നിമിഷം അവസാനിക്കുന്ന പദ്ധതിയാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതെ ‘രാഷ്ട്രീയക്കളി’ തന്നെയാണ് കേന്ദ്ര സര്‍ക്കാറും ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.

ബംഗാളിലെ നന്ദിഗ്രാം മോഡലില്‍ ഒരു സംഘര്‍ഷമാണ് ബി.ജെ.പിയും യു.ഡി.എഫും ആഗ്രഹിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഉണ്ടാകുന്ന സ്വാഭാവികമായ ഭരണവിരുദ്ധ വികാരമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. അതില്‍ നന്ദിഗ്രാമും ഒരു പങ്കുവഹിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ ബംഗാള്‍ ജനതയുമായി ഒരിക്കലും കേരള ജനതയുമായി താരതമ്യം ചെയ്യാന്‍ പാടില്ല. വര്‍ഗ്ഗീയവാദികള്‍ ക്രിമിനലുകള്‍ വിവിധ നക്‌സല്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവരെ മുന്‍ നിര്‍ത്തി മമത ബംഗാളില്‍ നടത്തിയത് ഒരു കലാപമാണ്. എന്നാല്‍ കേരളം അത്തരം മാനസികാവസ്ഥയുള്ള ഒരു സംസ്ഥാനമല്ല. അങ്ങനെ മാറ്റാന്‍ ഇവിടുത്തെ ഇടതുപക്ഷം അനുവദിച്ചിട്ടുമില്ല.

സകല ജാതി – മത ശക്തികളെയും തീവ്രവാദികളെയും എല്ലാം ചെറുത്ത് തോല്‍പ്പിച്ച വലിയ ചരിത്രം ഇടതുപക്ഷ കേരളത്തിനുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനതയാണ് ഈ സാക്ഷര കേരളത്തിലുള്ളത്. പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകും എന്ന് ഉറച്ച ബോധ്യം ഉള്ളതു കൊണ്ടു തന്നെയാണ് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഇപ്പോള്‍ ക്യാംപയിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പദ്ധതി നടക്കില്ല എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ താല്‍പ്പര്യമെങ്കില്‍ അത് പരസ്യമായി പറയാന്‍ പ്രധാനമന്ത്രിയാണ് തയ്യാറാകേണ്ടത്. അതല്ലാതെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളല്ല പറയേണ്ടത്. അങ്ങനെ പ്രധാനമന്ത്രി ചെയ്യുകയാണെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കാകെ തന്നെയാണ് ഒരു അവസാനമുണ്ടാകുക.

ഇവിടെയാണ് ബി.ജെ.പിയുടെ അജണ്ടയും സംശയിക്കപ്പെടുന്നത്. കെ റെയില്‍ വിവാദം നിലനിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് അവരുടെ ശ്രമം. ഡല്‍ഹിയില്‍ ബി.ജെ.പി പൊലീസിന്റെ അടി മേടിച്ചെങ്കിലും യു.ഡി.എഫ് നേതാക്കളും ഈ നിലപാടു തന്നെയാണ് ആഗ്രഹിക്കുന്നത്. അവരെ സംബന്ധിച്ചും ഈ സമരം ഒരു ഓക്‌സിജനാണ്. എന്നാല്‍ ഈ കണക്കു കൂട്ടലുകളെ എല്ലാം തെറ്റിക്കുന്ന കണക്കുകളാണ് വര്‍ത്തമാനകാല കേരളത്തിലുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും വിജയിക്കാന്‍ ഈ കണക്കുകള്‍ പോരാതെ വരുമെന്നത് വ്യക്തം.

നന്ദിഗ്രാം സമരം പോലെ കെ റെയില്‍ വിരുദ്ധ സമരം വഴി കേരളത്തില്‍നിന്നും സിപിഎമ്മിനെ തുടച്ചു നീക്കാമെന്നതും അത്ര പെട്ടന്ന് നടപ്പുള്ള കാര്യമല്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും നേടിയ യു.ഡി.എഫ് തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും വിജയിക്കാന്‍ ആവശ്യമായ സംഘടനാ ശേഷി യു.ഡി.എഫിനില്ല. ബി.ജെ.പിയുടെ സംസ്ഥാനത്തെ അവസ്ഥയും ഏറെ പരിതാപകരമാണ്. ഉണ്ടായിരുന്ന ഏക സീറ്റാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവില്‍ ഏറെ മാറിക്കഴിഞ്ഞു. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉള്ള അവസ്ഥയോട് ഒരിക്കലും യു.ഡി.എഫ് പ്രതിപക്ഷത്തുള്ള അവസ്ഥയെ താരതമ്യം ചെയ്യാന്‍ കഴിയുകയില്ല.

ഇടതുപക്ഷം പ്രതിപക്ഷത്തുണ്ടാവുമ്പോള്‍ ചുവപ്പിനു കിട്ടുന്ന വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഒരിക്കലും ബി.ജെ.പിക്ക് കഴിയാറില്ല. കേന്ദ്രത്തിലെ സകല സന്നാഹങ്ങള്‍ രംഗത്തിറക്കിയിട്ടും കാവിപ്പടക്ക് അതിനു സാധിക്കാതിരുന്നത് കേരളം കണ്ടതാണ്. സി.പി.എമ്മിന്റെ ബഹുജന അടിത്തറയാണ് ബി.ജെ.പിക്ക് അന്നും ഇന്നും പ്രധാന വില്ലന്‍… എന്നാല്‍ യു.ഡി.എഫിന്റെ അവസ്ഥ അങ്ങനെ അല്ല. സംഘടനാപരമായി തകര്‍ന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് ഉള്ളത്. നേതൃതലത്തില്‍ ഇപ്പോഴും ഭിന്നത രൂക്ഷമാണ്. ഘടക കക്ഷി എന്നു പറയാന്‍ മുസ്ലീം ലീഗ് മാത്രമേയൊള്ളൂ. അവരുടെ വോട്ട് ബാങ്കായ സമസ്തയില്‍ പോലും ഇടതുപക്ഷം വിള്ളലുണ്ടാക്കി കഴിഞ്ഞു. മറ്റു ഘടക കക്ഷികളായ ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പും ഗതികിട്ടാതെയാണ് അലയുന്നത്. യു.ഡി.എഫ് അണികളും നിരാശരാണ്. യു.ഡി.എഫിനു കിട്ടേണ്ട വോട്ടുകള്‍ കൂടിയാണ് ബി.ജെ.പി റാഞ്ചുന്നത്.

ചുവപ്പ് ഭരണം ഒഴിവാക്കാന്‍ യു.ഡി.എഫിനെ വിജയിപ്പിക്കുന്ന പഴയ കോ- ലീ – ബി ഇടപാടിനേക്കാള്‍ സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കാനാണ് ബി.ജെ.പി കേരളത്തിലും ശ്രമിക്കുന്നത്. ഇതാകട്ടെ കോണ്‍ഗ്രസ്സിനാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ദേശീയ തലത്തില്‍ ‘ഖദര്‍’ മിന്നല്‍ വേഗത്തില്‍ കാവി അണിയുന്നതിന്റെ എഫക്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് വോട്ട് ബാങ്കിനെയും കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ പരിണിത ഫലം എന്താണ് എന്നത് വരും തിരഞ്ഞെടുപ്പുകളിലാണ് കൂടുതല്‍ വ്യക്തമാകുവാന്‍ പോകുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് ഇടതുപക്ഷത്തിനാണ് ഇനിയും സാധ്യത വര്‍ദ്ധിപ്പിക്കുക എന്നാണ് കണക്കുകള്‍ നിരത്തി രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫും ബി.ജെ.പിയും കെ റെയിലിനെതിരെ സമരം ചെയ്യുന്നതു പോലും രാഷ്ട്രീയപരമായി ഇടതിനാണ് ഗുണം ചെയ്യുക എന്നതാണ് അവരുടെ വിലയിരുത്തല്‍.

EXPRESS KERALA VIEW

Top