‘യുഡിഎഫ് എംപിമാരുടെ കത്ത്’; നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

ആലപ്പുഴ: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കത്ത് കൊടുക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നാളിതുവരെ കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തവരാണിവര്‍. നവകേരള സദസുകളില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചതോടെയാണ് കത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ സമീപിച്ച് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിവേദനം നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനം കേരളത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞിരുന്നു. പതിറ്റാണ്ടുകളോളം അത് കേരളത്തെ ബാധിക്കും. ഇത് കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കാനും തകരേണ്ട ഒരു സംസ്ഥാനമല്ല കേരളം എന്ന് ഉറച്ചു പറയാനുള്ള ഊര്‍ജ്ജം പകരാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നാടിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് ഒന്നിച്ച് നിന്ന് എടുക്കണം എന്നാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ആഭ്യന്തര വരുമാനവും പ്രതിഷേധ വരുമാനവും നികുതി വരുമാനവും ഉയരുന്ന സാഹചര്യത്തിലും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യു.ജി.സി ശമ്പളപരിഷ്‌കരണ ഇനത്തില്‍ മാത്രം 750 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കാനുണ്ട്. നഗര വികസന ഗ്രാന്റ് ഇനത്തില്‍ 700 കോടി രൂപ, ഗ്രാമ വികസന ഗ്രാന്റ് ഇനത്തില്‍ 1260 കോടി രൂപ എന്നിങ്ങനെ ലഭിക്കാനുണ്ട്.’ നെല്ല് സംഭരണം ഭക്ഷ്യസുരക്ഷാ ഇനത്തില്‍ 790 കോടി, വിവിധ ദുരിതാശ്വാസ ഇനത്തില്‍ 138 കോടി, സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 69 കോടി രൂപ, കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് സ്പെഷല്‍ അസിസ്റ്റന്‍സ് ഇനത്തില്‍ 1925 രൂപ എന്നിവ ചേര്‍ത്ത് 5632 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ഇത്തരത്തില്‍ കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top