ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ശബരിമലയിലെ ക്യൂ സിസ്റ്റത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ഉണ്ടായ തിരക്കാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

ഒരു ദിവസത്തില്‍ ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒരുമിച്ച് വന്നതാണ് പ്രതിസന്ധിക്ക് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതുവരെ കുറച്ച് കാത്തു നില്‍ക്കേണ്ടി വരും. ഒരു ദിവസത്തെ പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. ഭക്തരുടെ താല്പര്യം സംരക്ഷിക്കപ്പെടുകയല്ല രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നാല് മണിക്കൂര്‍ സമയമെടുത്താണ് നിലവില്‍ ഭക്തര്‍ എത്തുന്നത്. ഒരു മണിക്കൂറില്‍ ശരാശരി നാലായിരം ഭക്തരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാല്‍പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണം എന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കടന്നാക്രമിച്ചത്. അയ്യപ്പഭക്തരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പക തുടരുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. ശബരിമലയില്‍ വര്‍ദ്ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Top