K R Gowriyamma – nda

ആലപ്പുഴ: എന്‍ഡിഎയുടെ ഭാഗമാകാന്‍ കെ.ആര്‍. ഗൗരിയമ്മയ്ക്കു ലഭിച്ചതു ഗവര്‍ണര്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളെന്നു സൂചന. എന്‍ഡിഎ ഘടകകക്ഷികള്‍ക്കു നല്‍കുന്ന ഏറ്റവും മികച്ച അവസരങ്ങള്‍ ജെഎസ്എസിനു നല്‍കാന്‍ തയാറാണെന്നും അറിയിച്ചു.

എന്‍ഡിഎയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെങ്കില്‍ ഗൗരിയമ്മ താല്‍പര്യപ്പെടുന്ന കേന്ദ്രത്തില്‍ ബിജെപിയുടെ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുമെന്ന ഉറപ്പും നല്‍കിയതായി ഗൗരിയമ്മയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയുമായി യോജിച്ചു പോകാന്‍ ഗൗരിയമ്മയ്ക്കുളള താല്‍പര്യക്കുറവ് തുടര്‍ ചര്‍ച്ചകള്‍ക്കു വിലങ്ങുതടിയായി.

ഗവര്‍ണര്‍ സ്ഥാനം തനിക്കു നേരത്തെ തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാണെന്നും അതിനോട് താല്‍പര്യമില്ലെന്നും ചര്‍ച്ചയ്‌ക്കെത്തിയ ദൂതനോടു ഗൗരിയമ്മ പറഞ്ഞു.

ജെഎസ്എസ് ഒറ്റയ്ക്കു മല്‍സരിക്കാനുള്ള തീരുമാനത്തിനു തല്‍ക്കാലം മാറ്റം വന്നിട്ടില്ലെങ്കിലും പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിനെതിരെ നിന്നാല്‍ പാര്‍ട്ടി വീണ്ടും പിളരുമെന്നു സൂചനയായതോടെ ഗൗരിയമ്മ ആലോചനയിലാണ്.

മുന്‍പ്, സിപിഎമ്മില്‍ ലയിക്കുന്നതിന്റെ അന്തിമ ചര്‍ച്ചകള്‍ക്കു ശേഷം ഗൗരിയമ്മ പിന്മാറിയതോടെ അല്‍പം അകന്നു നിന്ന സിപിഎം സംസ്ഥാന നേതൃത്വം നേരിട്ടു ഗൗരിയമ്മയുമായി വീണ്ടും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്കു ഗൗരിയമ്മയുടെ വീട്ടിലെത്തി. ഘടകകക്ഷികള്‍ക്കു നല്‍കാവുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്ന ഉറപ്പും കോടിയേരി നല്‍കി.

ഒറ്റയ്ക്കു മല്‍സരിക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു കഴിഞ്ഞദിവസം ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.

ഇടതു മുന്നണിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം ശക്തമായതോടെ ഗൗരിയമ്മ ചിന്താക്കുഴപ്പത്തിലാണ്. ഇതിനിടെ, യുഡിഎഫുമായി സഹകരിക്കാന്‍ തയാറാണെങ്കില്‍ കെപിസിസി പ്രസിഡന്റ് നേരിട്ടെത്തി ഗൗരിയമ്മയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു ചില കോണ്‍ഗ്രസ് നേതാക്കളും ഗൗരിയമ്മയെ അറിയിച്ചിട്ടുമുണ്ട്.

Top