K R Gowriyamma – jss

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആറ് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ കെ.ആര്‍.ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് തീരുമാനിച്ചു.

അരൂര്‍ അടക്കം ആറു മണ്ഡലങ്ങളിലാണ് ജെ.എസ്.എസ് മത്സരിക്കുക. ബാക്കി മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നും സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും ഗൗരിയമ്മ തീരുമാനിക്കും. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹം നല്‍കിയ ശേഷം സി.പി.എം വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഗൗരിയമ്മ പറഞ്ഞു. സീറ്റില്ലെന്ന് പറയാനാണ് ജെ.എസ്.എസിനെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തിയത്.

പാര്‍ട്ടിക്ക് ഇത് നാണക്കേടുണ്ടാക്കി. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതാണെന്നും ഗൗരിയമ്മ പറഞ്ഞു.

അരൂര്‍ അടക്കം ജെ.എസ്.എസിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അവര്‍ മത്സരിക്കുന്നത് ഇടത്-വലത് മുന്നണികള്‍ക്ക് ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും. ബി.ഡി.ജെ.എസ് സീറ്റ് നല്‍കാമെന്ന് നേരത്തെ ജെ.എസ്.എസിനെ അറിയിച്ചിരുന്നു.

Top