കെ പൊന്‍മുടി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പൊന്മുടിയ്ക്ക് 24 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവര്‍ണര്‍ ആർഎൻ രവി സത്യപ്രതിജ്ഞയ്ക്കുള്ള നീക്കം നടത്തിയത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡിഎംകെ നേതാവായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു.

Top