കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക്; ഓരോ മണ്ഡലത്തിലും 500 വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി. സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക.

കെ– ഫോണിന്റെ കേബിൾ ശൃംഖലയെ ആശ്രയിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളാണ് തെരഞ്ഞെടുത്ത വീടുകളിലേക്ക് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുക. കെ–ഫോൺ കണക്‌ഷൻ നൽകാൻ ഒരു ജില്ലയിൽ ഒരു സേവനദാതാവിനെ വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്.

ഇതിനായി 3 വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവനദാതാക്കൾക്കും കൈമാറും.

20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ–ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.

Top