കെ ഫോണ്‍: 14,000 കുടുംബങ്ങള്‍ക്ക് ഉടന്‍ സൗജന്യ കണക്ഷന്‍

തിരുവനന്തപുരം: കെ ഫോൺ പദ്ധതി വഴി സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടി അന്തിമഘട്ടത്തിൽ. 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. ഇന്റർനെറ്റ് സേവനദാതാക്കളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായി.

50 എംബിപിഎസ് വേഗതയിൽ ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. അതിൽ കൂടുതലുള്ള ഉപയോഗത്തിന് നിശ്ചിത നിരക്ക് ഈടാക്കും. എട്ടു കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ആറെണ്ണം യോഗ്യത നേടി. ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കമ്പനി സംസ്ഥാന വ്യാപകമായി കണക്ഷൻ നൽകാൻ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻസ് വകുപ്പിൽനിന്നുള്ള ഐഎസ്പി (ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ) ലൈസൻസ് ലഭിച്ചാലുടൻ കണക്ഷൻ നൽകാനാകുമെന്ന് കെ ഫോൺ എംഡി സന്തോഷ് ബാബു പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 30,000 സർക്കാർ ഓഫീസിലും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും ഇന്റർനെറ്റ് എത്തിക്കുന്നതാണ് പദ്ധതി. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും. സർക്കാർ ഓഫീസിൽ പദ്ധതി പൂർത്തിയായി.

Top