k padmarajan submitting papers for RK Nagar, Malappuram by-elections

മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയെ തീരുമാനിച്ചതിന് പിന്നാലെ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശ്രീപ്രകാശാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ഡിവൈഎഫ്ഐ നേതാവ് എം ബി ഫൈസലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുസ്ലീം ലീഗാണെങ്കിലും, പത്രിക സമര്‍പ്പിച്ചിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയാണ്. സേലം ഗോണൂര്‍ സ്വദേശി കെ പദ്മരാജനാണ് കഴിഞ്ഞ ദിവസം പത്രിക നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശീലമാക്കിയ കെ പദ്മരാജന്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെത്തി പത്രിക സമര്‍പ്പിച്ചത്. 25000 രൂപ കെട്ടിവെച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പദ്മരാജന്‍ പത്രിക നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ ആദ്യ പത്രികയും പദ്മരാജന്റേതാണ്.

ജയലളിതയുടെ മരണം മൂലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് ആര്‍കെ നഗര്‍ നിയമസഭ മണ്ഡലത്തിലും പദ്മരാജന്‍ മത്സരിക്കുന്നുണ്ട്. ചെന്നൈ ആര്‍കെ നഗറില്‍ പത്രിക നല്‍കിയ ശേഷമാണ് അദ്ദേഹം മലപ്പുറത്തെത്തിയത്. തന്റെ 179ാമത്തെ തിരഞ്ഞെടുപ്പ് അങ്കമാണിതെന്ന് പദ്മരാജന്‍ പറഞ്ഞു.

1989ല്‍ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തിലാണ് പദ്മരാജന്‍ ആദ്യമായി മത്സരിച്ചത്. കഴിഞ്ഞ നാലു തവണ നടന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് തന്റെ പേരിലാണെന്നും പദ്മരാജന്‍ അവകാശപ്പെടുന്നു.

Top