K P A Majeed-congress

majeed

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി കോണ്‍ഗ്രസ് ഹൈകമാന്റില്‍ ഇടപെട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ പ്രതിസന്ധിക്ക് പരിഹാരമായത് ലീഗിന്റെ ഇടപെടല്‍ മൂലമാണ്. മുഖ്യമന്ത്രി മാറിനിന്നാല്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു. ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമസ്തയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും മജീദ് പറഞ്ഞു.

ആരോപണ വിധേയരായ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപെട്ടത്. സുധീരന്റെ നിലപാടിനെതിരെ ശക്തമായി നിലകൊണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കില്ലെങ്കില്‍ താനും മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ഏഴ് ദിവസത്തോളം പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടന്നു.

അവസാനം മുഖ്യമന്ത്രിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് മന്ത്രിമാരായ കെ.സി ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും ബെന്നി ബെഹനാനും ഡൊമിനിക് പ്രസന്റേഷനും ഹൈകമാന്‍ഡ് സീറ്റ് നല്‍കുകയായിരുന്നു. പിന്നീട് സുധീരനെ തൃപ്തിപ്പെടുത്താനും ഉമ്മന്‍ചാണ്ടിക്ക് മുന്നറിയിപ്പ് നല്‍കാനും വേണ്ടി ബെന്നിയെ മാറ്റി തൃക്കാക്കരയില്‍ പി.ടി തോമസിനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സ്ഥാനാര്‍ഥിയാക്കി.

Top