ബന്ധു നിയമനം: ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.പി.എ. മജീദ്

ബന്ധുനിയമനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം. സത്യപ്രതിജ്ഞ ലംഘനത്തിനെതിരെ ഗവര്‍ണറെയും ബന്ധുനിയമനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കോടതിയെയും സമീപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. ജലീല്‍ രാജിവെക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും.

വായ്പ തിരിച്ചുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ലീഗുകാര്‍ക്ക് പ്രശ്നമായതെന്ന ആരോപണം മന്ത്രി തെളിയിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.ഇ.പി. ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനം അട്ടിമറിച്ചാണ് ജലീലിന്റെ നടപടിയെന്ന് മജീദ് പറഞ്ഞു.

മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്യണം.എന്നാല്‍ അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജോലി ഏല്‍പ്പിച്ചിരിക്കുകയാണ്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം തെറ്റാണെന്നും കെ.പി.എ. മജീദ് ചൂണ്ടിക്കാട്ടി.

Top