കേരളാ കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ

കോഴിക്കോട്: കെപിസിസി ലീ‍ഡേഴ്സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച് മുന്നണി വിപുലീകരണത്തിലാണ് കോൺഗ്രസ് ശ്രമം. ആദ്യ ലക്ഷ്യം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലേക്ക് തിരികെയെത്തിക്കലാണ്. ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും. കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. ‘തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്‌ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷം കേരളാ കോൺഗ്രസ് എം വീണ്ടും രാഷ്ട്രീയ ചർച്ചകളിലിടം നേടുകയാണ്. ക്രിസ്ത്യന്‍ വോട്ടു ബാങ്കുകളിലെ ചോര്‍ച്ച തടയുകയും യുഡിഎഫ് മുന്നണി വിപുലീകരണവുമാണ് കോണ്‍ഗ്രസ് നിലവിൽ ലക്ഷ്യമിടുന്നത്. പാര്‍ട്ടി വിട്ടവരും മുന്നണി വിട്ടവരുമെല്ലാം തിരിച്ചുവന്നാല്‍ സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് വയനാട്ടിൽ നടന്ന കെപിസിസിയുടെ ലീ‍ഡേഴ്സ് മീറ്റിൽ ഉണ്ടായത്. ഇതിന്റെ പ്രായോഗിക സാധ്യതകളാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ കോണ്‍ഗ്രസ് ആദ്യം തിരയുന്നതെന്ന് വ്യക്തമാണ്.

യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ഇടതുപക്ഷത്തേക്ക് പോയ ജോസ് കെ മാണിയും പാര്‍ട്ടിയും നിലവില്‍ എല്‍ഡിഎഫില്‍ സംതൃപ്തരാണ്. മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ളവയാണ് തിരിച്ചുവരവിനുള്ള പ്രധാന തടസവും. യുഡിഎഫിലേക്ക് തിരികെ വരാനുള്ള ക്ഷണം സന്തോഷകരമാണെങ്കിലും തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനമെന്നായിരുന്നു വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണ്. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും റോഷി വ്യക്തമാക്കുന്നു.

Top