ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ തള്ളാതെ കെ മുരളീധരന്‍ എംപി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമുദായത്തെ തള്ളി പറഞ്ഞ നേതാവാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ തള്ളാതെ കെ മുരളീധരന്‍ എംപി. തെരഞ്ഞെടുപ്പില്‍ വോട്ട് തേടുകയും പിന്നീട് പരസ്യമായി ഒരു സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എല്ലാ സമുദായ നേതാക്കളുമായും മികച്ച സമവാക്യം വെച്ചുപുലര്‍ത്തണം എന്ന അഭിപ്രായക്കാരനാണ് താനെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം മന്നം ജയന്തി ദിനത്തില്‍ ഉദ്ഘാടകനായി ശശി തരൂരിനെ ക്ഷണിച്ചതിനെ വിഡി സതീശനെതിരായ സുകുമാരന്‍ നായരുടെ പരാമര്‍ശവുമായി കൂട്ടികെട്ടേണ്ടതില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും എംപി കൂട്ടിചേര്‍ത്തു.

തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുന്നതും പിന്നീട് പരസ്യമായി നിരസിക്കുന്നതും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എല്ലാ സമുദായ നേതാക്കളുമായും നല്ല സമവാക്യം നിലനിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നാണ് കെ മുരളീധരന്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ ആവശ്യപ്പെട്ട് വി ഡീ സതീശന്‍ തന്നെ കാണാന്‍ എത്തിയിരുന്നു, എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു സാമുദായിക സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന വി ഡി സതീശന്റെ പ്രസ്താവനയാണ് എന്‍എസ്എസിനെ പിണക്കിയത്. സമുദായത്തെ തള്ളി പറയുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അത് വി ഡി സതീശനാണ്. തിരുത്തിയില്ലെങ്കില്‍ ഭാവിക്ക് ഗുണകരമല്ലെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം താന്‍ ആരേയും തള്ളി പറഞ്ഞിട്ടില്ലെന്നും വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ മറുപടി. ഇതിനിടെയാണ് ശശി തരൂരിന് മന്നം ജയന്തിയിലേക്ക് ക്ഷണം ലഭിച്ചത്.

Top