കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍

കോഴിക്കോട്: ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നലെ കെവി തോമസിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ നല്ലതാണ്. ഇത്തരം നക്കാപ്പിച്ച കണ്ട് കോണ്‍ഗ്രസില്‍ നിന്ന് ആരും ഇനി പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കാബിനറ്റ് റാങ്കോടെയാണ് കെവി തോമസിന്റെ നിയമനം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ എഐസിസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നാണ് തോമസ് പ്രതികരിച്ചത്.

Top