പ്രസംഗിക്കാൻ വിളിച്ചില്ല, പേരും ഒഴിവാക്കി; നേതൃത്വത്തിനെതിരെ കെ മുരളീധരൻ

കൊച്ചി: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയിൽ രൂക്ഷ പ്രതികരണവുമായി കെ മുരളീധരൻ എംപി. ചടങ്ങിൽ തന്നെ മനഃപൂർവം അവഗണിക്കുകയായിരുന്നു. കെപിസിസി മുൻ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രം വീക്ഷണത്തിലെ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.

മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാരാണ് ചടങ്ങിൽ പങ്കെടുത്തത്. താനും രമേശ് ചെന്നിത്തലും എംഎം ഹസ്സനും. ഇതിൽ രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചു. തനിക്ക് മാത്രം അവസരം നൽകിയില്ല. സ്വാഭാവികമായും അവഗണനയുടെ ഭാഗമായിരിക്കുമല്ലോ. അതിനെന്താണ് കാരണമെന്ന് അറിയില്ല.

കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റുമാർ പങ്കെടുക്കേണ്ടത് ആവശ്യമാണ്. പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ഉണ്ടെന്ന് അറിയിച്ചതുമാണ്. വീക്ഷണത്തിന്റെ സപ്ലിമെന്റിലും തന്റെ പേരില്ല. ബോധപൂർവം മാറ്റിനിർത്തിയതാണ്. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയ്യാറാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു.

പാർട്ടിയാണ് തന്നെ ഈ സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. പാർട്ടിക്ക് തുടർന്ന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ അറിയിച്ചാൽ മതി. അങ്ങനെയെങ്കിൽ തുടർന്ന് ഒന്നിലേക്കും ഇല്ലെന്ന് കെസി വേണുഗോപാലിനെയും കെ സുധാകരനെയും അറിയിച്ചിട്ടുണ്ട്. ഇവരുടെ മറുപടി എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘ഒരാൾ ഒഴിഞ്ഞാൽ അത്രയും സുഖം എന്നു കരുതുന്നവരോട് പറഞ്ഞിട്ട് എന്താ കാര്യം’ എന്നായിരുന്നു പ്രതികരണം. തനിക്കു മാത്രമല്ല, മുമ്പ് കെ കരുണാകരനും ഇതുപോലുള്ള അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Top