K. Muraleedharan’S Statement about km mani

തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നുമുള്ള കേരള കോണ്‍ഗ്രസ് (എം)ന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ.

ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രം നോക്കില്ലെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് മുന്നണി വിടുന്നത് തുല്യമാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ചര്‍ച്ചയില്‍ ഇന്ന് വെളളപ്പുക കാണുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമര്‍ദ തന്ത്രമായിട്ടാണ് ഈ നിലപാടിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കെഎം മാണിയെ അനുനയിപ്പിക്കാനുളള യുഡിഫിന്റെ അനുനയ നീക്കം ഫലവത്തായിരുന്നില്ല. പാര്‍ട്ടി നിലപാട് ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് മാണി യോഗത്തില്‍ നേതാക്കളെ അറിയിച്ചിരുന്നു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ തത്വത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കുകയായിരുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി.

ജോസഫ് വിഭാഗത്തിന്റെ പിന്തുണയുളളതും കെഎം മാണിക്ക് ആശ്വാസമാകുന്നുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണുള്ളതെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു മാണിയുടെ പ്രതികരണം. ചരല്‍ക്കുന്ന് ക്യാമ്പില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മാണി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തെത്തിയതും പ്രതിസന്ധി വര്‍ധിപ്പിച്ചിരുന്നു.

അന്ന് പിടി ചാക്കോ, ഇന്ന് കെഎം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുളളത്. ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു.

നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.

ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ ആരോപിച്ചിരുന്നു.

Top