തീവ്ര നിലപാടുള്ളവരെ ശബരിമലയില്‍ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്ന് മുരളീധരന്‍

കോഴിക്കോട് : തീവ്ര നിലപാടുള്ളവരെ ശബരിമലയില്‍ കൊണ്ടുപോയ മുഖ്യമന്ത്രി പിണറായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എം എല്‍ എ കെ മുരളീധരന്‍.

പിണറായി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാതിരുന്നത് തീവ്ര നിലപാടുള്ളവര്‍ പരിപാടിയില്‍ ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ്. ബിന്ദുവും കനകദുര്‍ഗയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരെയാണ് സര്‍ക്കാര്‍ രാത്രിയില്‍ ശബരിമലയില്‍ കൊണ്ടുപോയത്. അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയില്‍ വച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച തനിക്ക് പദ്മകുമാര്‍ നല്‍കിയ മറുപടിയോടും മുരളീധരന്‍ പ്രതികരിച്ചു.

കെ മുരളീധരന്റെ പാര്‍ട്ടിയിലെ സ്ഥാനം അറിയാന്‍ പദ്മകുമാര്‍ പത്രം വായിക്കണം. പല പാര്‍ട്ടികള്‍ മാറിയ ശങ്കരദാസിന് കൂടെ ഇരുത്തിയാണ് അത് പറഞ്ഞത്. അത് അദ്ദേഹത്തെ ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ പറഞ്ഞു. പല തവണ വാക്ക് മാറ്റിയതിന് ഒളിംപിക്‌സ് അവാര്‍ഡ് ഉണ്ടെങ്കില്‍ സ്വര്‍ണ്ണം പത്മകുമാറിനും വെള്ളി കടകംപള്ളി സുരേന്ദ്രനും ലഭിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.

പത്മകുമാര്‍ പാര്‍ട്ടി തീരുമാനം പറയണം. അല്ലെങ്കില്‍ സ്വന്തം നിലപാട് പറയണം. പാര്‍ട്ടിയേയും വിശ്വാസികളെയും വഞ്ചിച്ച ഇങ്ങനെ ഉള്ളവര്‍ക്ക് കയറി കിടക്കാന്‍ ഉള്ള ഇടം അല്ല യുഡിഎഫെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top