ശൗര്യം കാണിക്കേണ്ടത് മോദിയോടും പിണറായിയോടും; മുല്ലപ്പള്ളിയോട് കെ.മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ കെ മുരളീധരന്‍ രംഗത്ത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്,പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് പറയാനുള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു, ശൗര്യം കാണിക്കേണ്ടത് മോദിയോടും പിണറായിയോടും ആണെന്ന് മുല്ലപ്പള്ളിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു കെ.മുരളീധരന്‍.

പുനസംഘടനയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മുല്ലപ്പള്ളി പറഞ്ഞതനുസരിച്ച് പുറകോട്ട് തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് പുറത്ത് വന്ന പുനസംഘടനാ ലിസ്റ്റെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. സോനയുടേയും മോഹന്‍ ശങ്കറിന്റെയും ഭാരവാഹിത്വത്തെ പരസ്യമായി വിമര്‍ശിച്ച മുരളീധരന് പട്ടികയില്‍ അനര്‍ഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറിനെ ഭാരവാഹിയായി നിര്‍ദ്ദേശിച്ചിരുന്നു എന്നും കെ മുരളീധരന്‍ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കണമെന്നും മുല്ലപ്പള്ളി തുറന്നടിക്കുകയും ചെയ്തിരുന്നു. പരസ്യപ്രസ്താവന പാടില്ലെന്ന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് തള്ളിയാണ് മുരളീധരന്‍ രംഗത്തെത്തിയത്.

Top