കെ മുരളീധരനെ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം, കേന്ദ്ര മന്ത്രി പദവിയും വാഗ്ദാനമെന്ന് !

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനെ റാഞ്ചാന്‍ പുതിയ കരുക്കള്‍ നീക്കി ബി.ജെ.പി ദേശീയ നേതൃത്വം രംഗത്ത്. കോണ്‍ഗ്രസ്സ് നേതൃത്വവുമായി നിരന്തരം കലഹിക്കുന്ന മുരളീധരനെ കെ.പി.സി.സി നേതൃത്വം തഴയുന്നതില്‍ അദ്ദേഹത്തിന്റെ അനുയായികളും രോക്ഷത്തിലാണുള്ളത്. കെ.പി.സി.സി നേതൃത്വത്തിനെതിരെ കടുത്ത കോപത്തിലുള്ള ലീഡറുടെ ഈ പുത്രനെ ലഭിച്ചാല്‍ കേരളത്തില്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി സകല നീക്കങ്ങളും നടത്തുന്നത്. കാബിനറ്റ് റാങ്കുള്ള രണ്ട് കേന്ദ്ര മന്ത്രിമാരാണ് മുരളിയെ ബി.ജെ.പിയോട് അടുപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെയും അറിവോടെയാണ് ഈ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. കെ. മുരളീധരന്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ കേന്ദ്ര മന്ത്രിപദമാണ് വാഗ്ദാനമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് മുരളിയെ മത്സരിപ്പിച്ചാല്‍  അട്ടിമറി ജയം നേടാന്‍ കഴിയുമെന്നതാണ് കാവിപ്പടയുടെ കണക്കുകൂട്ടല്‍. മുരളിയെ പോലുള്ള ജനകീയനായ കോണ്‍ഗ്രസ്സ് നേതാവ് പാര്‍ട്ടിയില്‍ എത്തിയാല്‍ അത് കേരളത്തിലെ ബി.ജെ.പിക്ക് കൂടുതല്‍ ഊര്‍ജ്ജമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കേരളത്തില്‍ യു.ഡി.എഫ് എന്ന മുന്നണിയുടെ ഭാവി തന്നെയാണ് അപകടത്തിലാകുക. ഇത്തരമൊരു ഘട്ടത്തില്‍ മുരളിയെ പോലുള്ള നേതാക്കളുടെ സാന്നിധ്യം കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനും കാരണമായേക്കും. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് മുരളീധരനു വേണ്ടി ബി.ജെ.പി വലവീശിയിരിക്കുന്നത്. ഈ വലയില്‍ മുരളി കുടുങ്ങുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ ലീഡര്‍ കെ കരുണാകരന്റെ പുത്രന് എപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് മറ്റാരും തന്നെ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ബി.ജെ.പി യിലാണ് മുരളീധരന്‍ അവസരം കാണുന്നതെങ്കില്‍ അദ്ദേഹത്തിനു മുന്നില്‍ അനന്തസാധ്യതകളാണ് ഉണ്ടാവുക. വി മുരളീധരനെ രാജ്യസഭയില്‍ എത്തിച്ച് കേന്ദ്രമന്ത്രിയാക്കിയ ബി.ജെ.പിക്ക്  കെ.മുരളീധരനെ പോലെയുള്ള മുതിര്‍ന്ന നേതാവിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വരില്ല. ഇടതുപക്ഷത്തിന് മൂന്നാംവട്ടവും കേരള ഭരണം ലഭിക്കുമെന്ന് വിലയിരുത്തുന്ന ബി.ജെ.പി നേതൃത്വം അതോടെ തരിപ്പണമാകുന്ന യു.ഡി.എഫിന് ബദലായി തങ്ങള്‍ക്ക് മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ സി.പി.എമ്മിന്റെ ജനകീയ അടിത്തറ തകര്‍ക്കല്‍ എളുപ്പമല്ലന്ന് വിലയിരുത്തിയ അമിത് ഷാ അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ്സിനെ ടാര്‍ഗറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കെ.മുരളീധരന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് മുരളിയുമായി ചര്‍ച്ച നടത്താനാണ് സാധ്യത. ബി.ജെ.പിയുടെ അടുത്ത ടാര്‍ഗറ്റ് കേരളമാണെന്ന് പ്രഖ്യാപിച്ചതും, സാക്ഷാല്‍ മോദി തന്നെയാണ്.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ്സില്‍ അസംതൃപ്തരുടെ എണ്ണം ഇപ്പോഴും കൂടി കൊണ്ടിരിക്കുകയാണ്. കെ സുധാകരന്റെ ഏകാധിപത്യ ശൈലിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വണ്‍മാന്‍ ഷോയിലും നല്ലൊരു വിഭാഗം നേതാക്കളും അണികളും നിരാശരാണ്. എം.പിമാര്‍ മുതല്‍ എം.എല്‍.എമാര്‍ വരെ അസംതൃപ്തരുടെ പട്ടിക നീളുന്നതാണ്. ഒതുക്കപ്പെട്ടവന്റെ മാനസികാവസ്ഥയിലാണ് രമേശ് ചെന്നിത്തലയും ഉള്ളത്. ഐ ഗ്രൂപ്പ് നിലവില്‍ ചിന്നി ചിതറിയ അവസ്ഥയിലാണ് ഉള്ളത്. കോഴിക്കോട് എം.പിയായ എം.കെ രാഘവനും എറണാകുളം എം പിയായ ഹൈബി ഈഡനും ശബരീനാഥനും എല്ലാം ശശി തരൂരിന്റെ നിലപാടിനൊപ്പമാണ് ഉറച്ചു നില്‍ക്കുന്നത്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലന്ന് രാഘവനും തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനും പരസ്യ പ്രതികരണവും നടത്തി കഴിഞ്ഞു. ഇവരെ പോലെ തന്നെ തരൂരിന്റെ നിലപാടുകളെ പിന്തുണച്ചതാണ്  കെ.മുരളീധരനില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അപ്രീതിയുണ്ടാകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരുതുന്നത്.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ വലിയ കലിപ്പിലാണ് മുരളീധരനുള്ളത്. ‘പ്രതിഷേധം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താന്‍ തയ്യാറാണന്നും  പാര്‍ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ നിര്‍ത്തിപോകാന്‍ തയ്യാറാണെന്നുമാണ് ‘ അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയാണ്  കേരളത്തിലെ നേതാക്കളുടെ മൂപ്പിളമ തര്‍ക്കത്തിന്റെ വേദിയായി മാറിയിരിക്കുന്നത്. പരിപാടിയില്‍ കെ മുരളീധരനു പുറമെ, ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വേദിയിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്, ഇരിക്കാന്‍ ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല. ‘പ്രസംഗിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ എന്തിനാണ് ഒഴിവാക്കിയതെന്ന് ‘മുരളി ചോദിച്ചപ്പോള്‍ ‘സദസ്സ് നിയന്ത്രിച്ചവര്‍ മറന്നു പോയതാവാമെന്നായിരുന്നു’ കെ സുധാകരന്‍ മറുപടി നല്‍കിയിരുന്നത്. പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ ശശി തരൂര്‍ എംപിയും അതൃപ്തിയിലാണ് ഉള്ളത്.

രാഹുല്‍ ഗാന്ധിക്കെതിരെ നിലപാട് സ്വീകരിച്ച ജി -23ലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗമാണ് ശശി തരൂര്‍. ആ തരൂരിനെയും  അദ്ദേഹത്ത പിന്തുണയ്ക്കുന്നവരെയും അംഗീകരിക്കുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഉള്ളത്. കെ.സിയെ പോലെ മുഖ്യമന്ത്രി മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന വി.ഡി. സതീശനും  രമേശ് ചെന്നിത്തലയും തരൂര്‍ വിഭാഗത്തിന് എതിരാണ്. എം.കെ രാഘവനെതിരെ നേരത്തെ നിലപാട് കടുപ്പിച്ചതും  ഇപ്പോള്‍ കെ മുരളീധരനെ അവഗണിക്കാന്‍ തുടങ്ങിയതും ഇതിന്റെ ഭാഗമാണ്. ആര് വന്നാലും ശശിതരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടപ്പെടാന്‍ പാടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെയും താല്‍പ്പര്യമാണ്. തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലുള്ള പക ഇപ്പോഴും രാഹുലിന് ഉള്ളില്‍ കിടക്കുന്നുണ്ടെന്നതും വ്യക്തം. അയോഗ്യത വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടായ അനുകൂല തരംഗം പാര്‍ട്ടിയിലെ തന്റെ എതിര്‍ വിഭാഗത്തിനുള്ള ഒന്നാംന്തരം മറുപടിയായാണ് രാഹുല്‍ ഗാന്ധി കാണുന്നത്. കെ.സി വേണുഗോപാലും കെ സുധാകരനും അടക്കമുള്ള അദ്ദേഹത്തിന്റെ അനുയായികളും  ഈ അഹങ്കരത്തോടെ തന്നെയാണ് നിലവില്‍ പെരുമാറി കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചാല്‍ അതോടെ തീരുന്നതാണ് ഈ അഹങ്കാരമെന്നതാണ് അവര്‍ മറന്നു പോകുന്നത് രാഹുലിന്റെ അയോഗ്യത പ്രശ്‌നത്തെ ആഗോള പ്രശ്‌നമാക്കുന്ന കോണ്‍ഗ്രസ്സ്  പ്രതിപക്ഷ കൂട്ടായ്മക്ക് സ്വീകരിക്കുന്ന നിലപാടുകളും ഇരട്ടതാപ്പാണ്. ബി.ജെ.പിക്ക് എതിരെ വിശാല സഖ്യമാണ് ലക്ഷ്യമെങ്കില്‍ കര്‍ണ്ണാടകയില്‍ ജെ.ഡി.എസുമായി അവര്‍ സഖ്യം ചേരുമായിരുന്നു. എന്നാല്‍, അത് സംഭവിച്ചിട്ടില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിന്റെ നേട്ടവും ഇനി ലഭിക്കാന്‍ പോകുന്നത്  ബി.ജെ.പിക്കായിരിക്കും. അത്തരമൊരു സാധ്യത എന്തായാലും തള്ളിക്കളയാന്‍ കഴിയുന്നതുമല്ല.

EXPRESS KERALA VIEW

Top