എംകെ രാഘവന് പിന്തുണ, പ്രവർത്തകരുടെ പൊതുവികാരമെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നു പറഞ്ഞ എംകെ രാഘവനെ അനുകൂലിച്ച് കെ മുരളീധരന്‍. രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അച്ചടക്ക ലംഘനമില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

”എംകെ രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്.”- മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – കെ മുരളീധരന്‍ പറഞ്ഞു.

മുന്‍മന്ത്രി പി ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം വിഎം സുധീരനു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എംകെ രാഘവന്റെ വിവാദ പ്രസംഗം. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നാണ് രാഘവന്‍ പറഞ്ഞത്. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. പാര്‍ട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നു ഭയക്കുന്നു. ലീഗില്‍ വരെ തിരഞ്ഞെടുപ്പു നടന്നു. അര്‍ഹതയുള്ള എത്രയോ ആളുകള്‍ പുറത്തുനില്‍ക്കുകയാണ്. എന്തു പുനഃസംഘടനയാണെങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തിരികെ കൊണ്ടുവരണം. പാഠം പഠിക്കേണ്ടത് നേതാക്കളാണ്. ജനങ്ങളും നാടും അംഗീകരിച്ചവരെ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടതെന്നും രാഘവന്‍ പറഞ്ഞു

Top