കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് കെ.മുരളീധരന്‍ എംപി. പാലക്കാട് എ.വി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതാണ്. ഗോപിനാഥിന്റെ പിണറായിയെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറയുന്ന പിണറായി വിജയന്റെ ചെരുപ്പ് നക്കും എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്ന് കരുതി അദ്ദേഹത്തിന് തീരുമാനം പുനഃപരിശോധിക്കുന്നതിനും തിരിച്ച് വരുന്നതിനും തടസ്സമില്ല. അച്ചടക്കലംഘനം നടത്തുന്ന തരത്തില്‍ ഗോപിനാഥ് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുന്‍പ് ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും ഗോപിനാഥുമായി ചര്‍ച്ച നടത്തിയതാണ്. മാന്യമായ സ്ഥാനം കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നല്‍കുമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും കെപിസിസി ഭാരവാഹി പട്ടിക വരാനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ക്കും പാര്‍ട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്കും ലിസ്റ്റില്‍ പരാതിയുണ്ടാകില്ല. സോണിയ ഗാന്ധി ഒപ്പിട്ട ഒരു ലിസ്റ്റ് അംഗീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രധാനം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാക്കളാണെന്നും ഇരുവരുടേയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.പി.യെ സംബന്ധിച്ച് ചില പ്രയാസങ്ങളുണ്ടെന്നത് വസ്തുതയാണ്. അവര്‍ മത്സരിച്ച അഞ്ച് സീറ്റില്‍ ഒന്നില്‍ പോലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. തോല്‍വിയിലെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉണ്ടെന്ന് അവര്‍ പറയുന്നു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പരിഹരിക്കുമെന്നും ആര്‍എസ്പിയെ കാലുവാരിയ ഒരു കോണ്‍ഗ്രസുകാരനും പാര്‍ട്ടിയിലുണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Top