സിപിഎമ്മിന്റെ അണികളെ നിയന്ത്രിച്ചാൽ തന്നെ കേരളം ലഹരി മുക്തമാകുമെന്ന് കെ മുരളീധരൻ

പാലക്കാട്: പാര്‍ട്ടിയുടെ അണികളെയും നേതാക്കന്മാരെയും സിപിഎം നിയന്ത്രിക്കാന്‍ തയ്യാറായാല്‍ കേരളം ലഹരി മുക്ത സംസ്ഥാനമാകുമെന്ന് കെ മുരളീധരന്‍. ലഹരിക്കെതിരെ തീ കൊളുത്തുന്നതിന് മുമ്പ് ബാര്‍ ഹോട്ടലുകള്‍ക്ക് തീ കൊളുത്താന്‍ മുഖ്യമന്ത്രിക്ക് ആര്‍ജ്ജവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്നാരോപിച്ച് പാലക്കാട്ട് ‘പൗരവിചാരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം നേതാക്കന്‍മാര്‍ക്കെതിരെയുളള പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് മൗനമാണെന്നും ഈ പ്രശ്‌നങ്ങള്‍ പുറത്ത് കൊണ്ടുവരാതിരിക്കാനുളള മറയാണ് ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ ഗവര്‍ണര്‍ പോരെന്നും മുരളീധരന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കഴിവുകേടുകൊണ്ടാണ് സമൂഹത്തില്‍ സൈനികര്‍ക്ക് പോലും സുരക്ഷ ലഭിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ നയങ്ങള്‍ പേരിലൊതുങ്ങിയെന്നും അതിന്റെ തെളിവാണ് തിരുവനന്തപുരം മ്യൂസിയം പ്രദേശത്ത് സ്ത്രീയ്‌ക്കെതിരെ ഉണ്ടായ ആക്രമണമെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ റേഷന്‍ കടകളില്‍ ജയ അരി എത്തിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ റേഷനരി പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.

 

Top