എംവി ഗോവിന്ദൻ മാഷിന്റെ പരാമർശം ഗൗരവമുള്ളത്, മറുപടി പറയേണ്ടത് ലീഗ്: കെ മുരളീധരൻ

ദില്ലി: മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞിരുന്നുവെന്ന് വടകര എംപി കെ മുരളീധരൻ. നിലപാട് മാറ്റിയെങ്കിൽ അത് കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന നിലയിലേക്ക് സിപിഎമ്മും വളരെ വൈകിയെത്തി. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകും. മുന്നണി സംവിധാനം ദുർബലമാകും. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഗോവിന്ദൻ മാഷിന്റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലിം ലീഗാണ് സിപിഎമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യുഡിഎഫിന് കേരളത്തിൽ അധികാരത്തിലെത്താൻ പറ്റും. അതിന്റെ സൂചനകൾ എല്ലാ ഭാഗത്തുമുണ്ട്. കോൺഗ്രസിൽ എല്ലാ കാലത്തും ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്. രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തിൽ തന്നെ മൂന്ന് കോൺഗ്രസ് അംഗങ്ങൾ അതിനെ വിമർശിച്ചു. സാധാരണ ഇത്തരം ബില്ലുകൾ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാൽ വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. എന്നാൽ തുടക്കത്തിൽ തന്നെ ബില്ലിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.

വഹാബിന്റെ ഭാഗത്ത് നിന്ന് അങ്ങിനെയൊരു പരാമർശം വരാനുണ്ടായ സാഹചര്യം തനിക്കറിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. മറ്റൊരു കാര്യം ഗവർണർമാരുടെ ഊരുചുറ്റൽ സ്ഥിരം പരിപാടിയാണ്. കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവർണർ കേരളത്തിൽ തന്നെയാണ്. എന്താണ് ഗവർണർമാരുടെ ജോലി? ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്‌വഴക്കമാണ്. ഇത് അനാവശ്യമാണ്. കേരള ഗവർണർ മര്യാദയ്ക്ക് മറുപടി പറയാറില്ല. അദ്ദേഹം ക്ഷോഭിച്ച് സംസാരിക്കുന്ന രീതിക്കാരനാണ്. കേരള ഗവർണർ കേരളത്തിനകത്ത് യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top