മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ട: കെ മുരളീധരന്‍

കോഴിക്കോട്: മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് കെ മുരളീധരന്‍. ആര്‍ജെഡിയുടെ പ്രശ്‌നം എല്‍ഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ്. 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവന്‍ വാക്യമാണെങ്കില്‍ തമിഴ് ഭാഷയില്‍ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കില്‍ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കെപിസിസി സമരാഗ്‌നി യാത്ര പത്തനംതിട്ട പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് കടക്കാനിരിക്കെ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനമാണ് റദ്ദാക്കിയത്. ആലപ്പുഴയില്‍ വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിന് വൈകിയതിനെ തുടര്‍ന്ന് കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി.സതീശന്റെ ഓഫീസ് അറിയിച്ചത്. കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥ ഇന്ന് ഉച്ചക്ക് ശേഷം കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് വലിയ നാണക്കേട് ആയിരുന്നു.

Top