നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താന്‍ ഉടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാന്‍ ആഗ്രഹമുള്ളവരുണ്ട്. വട്ടിയൂര്‍ക്കാവില്‍ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാല്‍ തന്നെ ഇവിടെ തന്റെ സ്ഥിരം സാന്നിധ്യമുണ്ടാവും.

നേരത്തെയുള്ള പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിര്‍ത്തുകയല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുസമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോള്‍ പേടിച്ചു സമരം നിര്‍ത്തി എന്ന അവസ്ഥയായി. കെപിസിസി പുനസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തീര്‍ത്തും അവഗണിക്കപ്പെട്ടെന്നും മുരളീധരന്‍ പറഞ്ഞു.

Top