കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട.

ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നു പേര്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്ററില്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധ:പതിച്ചു. ജി സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ട്

നേമത്ത് അടിയൊഴുക്കുകള്‍ ഉണ്ടായി. അത് തടയാന്‍ കഴിഞ്ഞെങ്കില്‍ ജയിക്കാന്‍ കഴിഞ്ഞേനെയെന്നും മുരളീധരന്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നതെന്നും ബി ജെ പി ക്ക് വളരാന്‍ സി പി എം സഹായം ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Top