കൊലപാതകത്തില്‍ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ധീരജ് കൊലപാതകത്തിന് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ മുരളീധരന്‍ എംപി. കൊലപാതകം പൊലീസിന് തടയാമായിരുന്നു. കൊലപാതകത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല. കൊലപാതകം പാര്‍ട്ടി നയമല്ലെന്നും കൊലപാതകികള്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരനെ ആക്രമിക്കാന്‍ വന്നാല്‍ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പക്ഷെ സിപിഎം കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കാന്‍ വരേണ്ട. പൊലീസിന്റെ വീഴ്ച്ച മുഖ്യമന്ത്രി അംഗീകരിക്കണം. അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയുടെ ഓഫീസ് സിപിഎം തകര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ, മുഷ്‌ക് കൊണ്ട് കെ റയില്‍ നടത്താമെന്ന് കരുതേണ്ട. ഈ പദ്ധതിക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കൊവിഡ് മാനദണ്ഡം ബാധകമല്ലാത്തത് എന്തുകൊണ്ടാണ്? പ്രാദേശീക പാര്‍ട്ടികളെ സഹായിച്ച് മോദിക്ക് ആളെ ഉണ്ടാക്കി കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൂര്‍വാശ്രമത്തില്‍ തന്നെ സ്ഥിരതയില്ലാത്ത ആളാണ് ഗവര്‍ണര്‍. പല പാര്‍ട്ടികള്‍ മാറി മാറി വന്നാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് അദ്ദേഹം പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top