രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പല്ലുതേക്കാന്‍ തലയില്ലാത്ത അവസ്ഥയാണ് തലസ്ഥാനത്തെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഡി. ലിറ്റ് ചര്‍ച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കിയ അനാവശ്യ വിവാദമാണെന്ന് കെ മുരളീധരന്‍. അതില്‍ പൊതുചര്‍ച്ച ഉണ്ടാക്കേണ്ട കാര്യമില്ല. വിവാദത്തോടെ സര്‍വ്വകലാശാലകള്‍ രാഷ്ട്രീയവത്കരിച്ചെന്ന് വ്യക്തമായിയെന്നും മുരളീധരന്‍ പറഞ്ഞു.

ഡി. ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും അഭിപ്രായ വ്യത്യാസമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് ഗവര്‍ണര്‍. എന്നിട്ടും ശുപാര്‍ശ നല്‍കിയത് എന്തിനാണെന്നും കെ മുരളീധരന്‍ ചോദിച്ചു.

കെ റെയില്‍ പദ്ധതിക്കെതിരെയും മുരളീധരന്‍ തുറന്നടിച്ചു. ആര്‍ക്ക് വേണ്ടിയിട്ടാണ് കെ റെയില്‍ പദ്ധതിയെന്നും നാടിന് ഉപകാരമില്ലാത്ത വികസനം വേണമോയെന്നുമാണ് മുരളീധരന്‍ ചോദിച്ചത്.
ഡിപിആര്‍ എന്താണെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് അറിയുകയുള്ളൂ. കോടിയേരി ബാലകൃഷ്ണന്‍ വെറും പരികര്‍മ്മി മാത്രമാണ്. കോടിയേരിക്കും പദ്ധതിയെ കുറിച്ച് ഒന്നും അറിയില്ല. തന്ത്രിയും പരികര്‍മമിയും കളിക്കുകയാണ് പിണറായിയും കോടിയേരിയും. വിഷയത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ച നടത്താത്തത് എന്തുകൊണ്ടാണെന്നും മുരളീധരന്‍ ചോദിച്ചു.

പൊലീസിനെതിരെയും മുരളീധരന്‍ വിമര്‍ശനം നടത്തി. തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടങ്ങളാണ് നടക്കുന്നതെന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പല്ല് തേക്കാന്‍ തലയില്ലാത്ത അവസ്ഥയാണുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

Top