സി പി എം ലീഗിനെ ക്ഷണിക്കുന്നത് അടുത്ത ഇലക്ഷനിൽ ജയിക്കില്ലെന്ന് ഉറപ്പായത് കൊണ്ടെന്ന് മുരളീധരൻ

കോഴിക്കോട്: സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്ന് കെ മുരളീധരൻ എംപി. യു ഡി എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. യു ഡി എഫ് വിപുലീകരണത്തിൽ ഇപ്പോൾ ചർച്ച നടന്നിട്ടില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്ക് വലിയ താമസമില്ലാതെ വാ തുറക്കേണ്ടിവരും. മടിശീലയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. അത് കൊണ്ടാണ് വായ തുറക്കാത്തത്. കോൺഗ്രസ് ഉടൻ കോടതിയിൽ പോകും. നിയമ വിദ്ഗധരുമായി ചർച്ച നടക്കുന്നുണ്ട്. ക്യാമറ വിഷയത്തിൽ തന്നെയായിരിക്കും എൽഡിഎഫ് സർക്കാരിന്റെ പതനം. കർണാടകയിലെ സർക്കാർ രൂപീകരണത്തിൽ ഒരു തർക്കവുമില്ല, ഇതെല്ലാം പതിവുള്ളതാണ്. സർക്കാർ അധികാരത്തിൽ വരാൻ ഒരാഴ്ച സമയം എടുക്കുന്നത് അത്ഭുതമല്ല. യുപിയിലും ഗുജറാത്തിലും ഒക്കെ സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം എടുത്തിരുന്നുവെന്നും കേരളത്തിലെ സിപിഎമ്മിലെ ജന്മികുടിയാൻ ബന്ധമല്ല കോൺഗ്രസിലുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Top