നേതാക്കള്‍ സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് കെ.മുരളീധരന്‍ എംപി. വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് താന്‍ വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു സഭാ അധ്യക്ഷന് എതിരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. ശിവശങ്കര്‍ ജയിലില്‍ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്, അഴിമതി എന്നിവയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാറാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വേട്ടര്‍മാരെ സമീപിക്കുക. ബിജെപിയേക്കാള്‍ വര്‍ഗ്ഗീയമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഭരണ തുടര്‍ച്ചക്ക് സി പി എം മതങ്ങളെ തമ്മിലടിപ്പിക്കരുത്. ആര്‍എസ്എസുകാരന്റെ അതേ പ്രവൃത്തി സിപിഎമ്മുകാരന്‍ ചെയ്യരുത്. ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ട പിണറായി ഇവിടെ നടപ്പാക്കുകയാണ്.

ഉമ്മന്‍ ചാണ്ടി സമിതി വന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സിപിഎമ്മിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷേ സിപിഎം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നില്ല. ആരും ഒന്നും തീരുമാനിച്ചിട്ടുമില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു പുറത്തു വരുന്ന മറ്റെല്ലാ വാര്‍ത്തകളും ഭാവന മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

Top