k muraleedharan restart old I group

തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച് കെ.കരുണാകര വികാരം ഉയര്‍ത്തി പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങി.

വിശാല ഐ ഗ്രൂപ്പ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയോട് എതിര്‍പ്പുള്ള നേതാക്കളുമായി ചേര്‍ന്നാണ് മുരളീധരന്റെ പുതിയ പടയൊരുക്കം.

മുന്‍കാല ഐ ഗ്രൂപ്പ് നേതാക്കള്‍ക്കൊപ്പം മുന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന വയലാര്‍ രവി, പി.സി ചാക്കോ എന്നിവരുടെ രഹസ്യ പിന്തുണയും ഈ നീക്കത്തിനുണ്ട്.

കൂടെയുള്ളവരെ സംരക്ഷിക്കാത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഗ്രൂപ്പിനുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കെ.കരുണാകരനും മുരളീധരനും പാര്‍ട്ടിവിട്ട സമയത്തായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലശക്തിയായ ഐ ഗ്രൂപ്പ് ഇല്ലാതായത്.

തുടര്‍ന്ന് മൂന്നാം ഗ്രൂപ്പ് നേതാവായിരുന്ന ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ വിഭാഗം രൂപംകൊള്ളുകയായിരുന്നു.

ഐ ഗ്രൂപ്പ് നേതാക്കളായ പി.പി തങ്കച്ചന്‍, കടവൂര്‍ ശിവദാസന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു വിശാല ഐ ഗ്രൂപ്പ്.

എന്നാല്‍ പിന്നീട് കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഐ ഗ്രൂപ്പുനേതാക്കളെല്ലാം അദ്ദേഹത്തിനൊപ്പം പോകാതെ വിശാല ഐ യില്‍ നിലകൊള്ളുകയായിരുന്നു.

തുടര്‍ന്ന് മുരളീധരന്‍ ചെന്നിത്തലയോടൊപ്പം കൂടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതാവാകാനുള്ള മുരളീധരന്റെ നീക്കത്തിന് ചെന്നിത്തലയും എ ഗ്രൂപ്പും തടയിട്ടതോടെയാണ് പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ മുരളീധരന്‍ നീക്കം തുടങ്ങിയത്.

സംസ്ഥാനത്തുടനീളം ബൂത്തുതലം മുതല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും സംഘടിപ്പിക്കാനാണ് നീക്കം. ഐ ഗ്രൂപ്പൂകാരായ കെ.പി.സി.സി ഭാരവാഹികളിലും ഭിന്നത പ്രകടമാണ്.

ചെന്നിത്തലയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ ഗ്രൂപ്പ് വിട്ടുകഴിഞ്ഞു.

അതോടൊപ്പം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും ചെന്നിത്തലയുമായി അത്ര അടുപ്പത്തിലല്ലെന്നാണ് അറിയുന്നത്. മുന്‍ മന്ത്രി അടൂര്‍ പ്രകാശും ചെന്നിത്തല രാഷ്ട്രീയ സംരക്ഷണം നല്‍കിയില്ല എന്ന നിലപാടിലാണ്.

മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള കെ. സുധാകരനാവട്ടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല .

കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗ്രൂപ്പു കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടി വിടാം എന്ന അന്ത്യശാസനം നല്‍കിയപ്പോഴാണ് മുരളീധരന്‍ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ നീക്കം തുടങ്ങിയതെന്നും ശ്രദ്ധേയമാണ്.

Top