കോടതിയുടെ അഭിപ്രായം വരും മുമ്പേ സജി ചെറിയാന്റെ കാര്യത്തിൽ തീരുമാനം എടുത്തത് തെറ്റ്: കെ.മുരളീധരൻ

തിരുവനന്തപുരം: കോടതിയുടെ അഭിപ്രായം വരും മുമ്പേ സിപിഐഎം സജി ചെറിയാന്റെ കാര്യത്തിൽ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ.മുരളീധരൻ. ഭരണഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്. സുധാകരൻ നല്ല ആരോഗ്യവാനാണ്. താഴെ തട്ടിൽ പുനസംഘടന നടക്കാത്തത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിർജീവമാണ്. എ.കെ ആൻ്റണിയുടെ പ്രസ്താവനയിൽ ഒരു തെറ്റും ഇല്ല. മതങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ധ്രുവീകരണത്തിനാണ് സിപിഐ എമ്മും ബിജെപിയും ശ്രമിക്കുന്നത്. ഇ.പിയെ തൊട്ടാൽ പിണറായി തെറിക്കും അതുകൊണ്ട് തൽക്കാലം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തുവന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് സജി ചെറിയാനെതിരെ തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സജി ചെറിയാന്‍ വിഷയത്തില്‍ തന്റെ മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആന്റണിയുടെ പ്രസ്താവനയെച്ചൊല്ലിയുണ്ടായ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചു. എ കെ ആന്റണി പറഞ്ഞത് ശരിയായ കാര്യമാണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎമ്മാണ് വര്‍ഗീയതയെ അനുകൂലമാക്കി നിര്‍ത്തുന്നത്. മൃദു ഹിന്ദുത്വ സമീപനം എന്നൊരു സമീപനം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top