ഗ്രൂപ്പുകള്‍ ഉണ്ടാകരുത്; അണികള്‍ ഒറ്റക്കെട്ടാണെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്തപ്പോള്‍ ബിജെപിയോട് മൃദുസമീപനം അവലംബിക്കുന്നെന്ന ദുഷ്‌പേര് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായെന്ന് കെ മുരളീധരന്‍. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്കെതിരായ നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടേയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്‌സീനേഷന്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തില്‍ ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കും എന്നാണ് താന്‍ കരുതുന്നത്.

കോണ്‍ഗ്രസിന്റെ ബിജെപിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടത്. പിണറായി ഈ അവസരം മുതലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സിപിഎം വാങ്ങി. കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്. ബിജെപിക്കും സിപിഎമ്മിനും എതിരായ ആക്രമണത്തിനാണ് നേതൃത്വം ശ്രദ്ധ നല്‍കേണ്ടത്. അതിന് തന്നെ പോലുള്ളവരുടെ സഹായം ഉണ്ടാകും.

കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേര് നിര്‍ദ്ദേശിക്കാതിരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. സുധാകരന്‍ വന്നപ്പോള്‍ അണികള്‍ ഒറ്റക്കെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

 

Top