സ്വര്‍ണവും സ്വപ്‌നയും രക്ഷിക്കില്ല, തോറ്റത് മെച്ചമായെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി പോകുന്നത് റിവേഴ്‌സ് ഗിയറിലാണെന്നും സ്വര്‍ണവും സ്വപ്നയും രക്ഷിക്കില്ലെന്നും തോറ്റത് മെച്ചമായെന്നും കെ മുരളീധരന്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെ ഇത്രയും ഭൂരിപക്ഷം കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഇലക്ഷനില്‍ സംഭവിച്ചത്. ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട സമയത്ത് പരിഹരിക്കുന്നില്ല. പത്തില്‍ നിന്ന് എട്ട് പോയാല്‍ 18 അല്ലെന്ന് മനസിലാക്കണം. അടിസ്ഥാന ഘടകങ്ങള്‍ എതിരായപ്പോഴാണ് തിരിച്ചടി ഉണ്ടായത്. ബി ജെ പി വളര്‍ച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഒതുക്കേണ്ടവരെ ഒതുക്കുക എന്ന ചിന്താഗതി മൊത്തത്തില്‍ ഒതുങ്ങി പോകേണ്ട സ്ഥിതിയിലേക്ക് നയിച്ചു,’ – അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെ തിരിച്ചു കൊണ്ടുവരണം. ഇപ്പോ പാര്‍ട്ടി റിവേഴ്‌സ് ഗിയറിലാണ് പോകുന്നത്. അതില്‍ നിന്നും മുന്നോട്ട് വരണം. വാര്‍ഡില്‍ എത്ര ബൂത്തുണ്ടെന്ന് പോലും അറിയാത്തവരാണ് മത്സരിക്കാന്‍ വരുന്നത്. എന്ത് വന്നാലും കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് വിചാരിക്കുന്ന ചിലരാണ് നെടുങ്കാട് വോട്ട് തന്ന 74 പേര്‍. വലിയവിളയില്‍ 100 കടക്കുമെന്ന് പോലും താന്‍ പ്രതീക്ഷിച്ചില്ല

ലോക്സഭയില്‍ ഇത്രയും ഭൂരിപക്ഷം എങ്ങനെ കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും അറിയില്ല. തോറ്റത് മെച്ചമായി. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെ. ഇപ്പോള്‍ പരാജയം വിശകലനം ചെയ്യാന്‍ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Top