നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെയും ജയിക്കാം: കെ മുരളീധരന്‍

കോഴിക്കോട്:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന് പറഞ്ഞ മുരളീധരന്‍ സ്ഥാനാര്‍ഥി പട്ടികയെ പറ്റി പ്രതിഷേധങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞു.

നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെ ജയിക്കാമെന്നും താനെവിടെ മത്സരിക്കാനും തയ്യാറാണെന്ന് പറഞ്ഞ കെ മുരളീധരന്‍ നേമത്ത് നില്‍ക്കാന്‍ താന്‍ പ്രത്യേക പ്രതിഫലമോ ഫോര്‍മുലയോ ഉണ്ടാക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. നേമത്തിന്റെ പേരില്‍ ആവശ്യമില്ലാത്ത ഭയമുണ്ടാകേണ്ട കാര്യമില്ല. ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും നേമത്ത് ജയിക്കാനാകുമെന്നാണ് മുരളീധരന്‍ പറയുന്നത്.

നേമത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ലെന്നാണ് മുരളീധരന്റെ പക്ഷം. ബിജെപിയെ ഭയമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തി തന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ദുര്‍ബലരായ ഘടകകക്ഷികള്‍ക്ക് സീറ്റ് കൊടുത്തതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്.

മത സാമൂഹ്യ നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട മുരളി മലമ്പുഴ പോലുള്ള സ്ഥിരം തോല്‍ക്കുന്ന സീറ്റ് പോലും ഘടകകക്ഷികള്‍ക്ക് കൊടുക്കാന്‍ ചില നേതാക്കള്‍ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടത് നഷ്ടമാണെന്ന് പറഞ്ഞ മുരളി പോയാല്‍ സുഖം എന്ന് കരുതുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇട കൊടുക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു. വടകര സീറ്റ് ആര്‍എംപിക്കാണെന്നും അവിടെ ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

Top