ശബരിമല തീര്‍ത്ഥാടനം: കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കെ മുരളീധരന്‍

ഡല്‍ഹി: ശബരിമല തീര്‍ത്ഥാടന സമയമായതിനാല്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കെ മുരളീധരന്‍ എംപി. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടന സമയവും ക്രിസ്മസ് പുതുവത്സര അവധിയും ആയതിനാല്‍ മെട്രോ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം. ശബരിമല തീര്‍ത്ഥാടന സമയമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

കൊവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണം. പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തളര്‍ന്നുവീണ സംഭവവും ഉണ്ടായി. പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും, തിരക്ക് പരിഹരിക്കാന്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും കെ മുരളീധരന്‍ എംപി ചൂണ്ടിക്കാട്ടി.

Top