കെകെ ശൈലജ കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്: കെ മുരളീധരന്‍

കോഴിക്കോട്: കരുത്തരായ സ്ഥാനാര്‍ത്ഥികളെ നേരിടാനാണിഷ്ടമെന്ന് കെ മുരളീധരന്‍ എംപി. കെകെ ശൈലജ കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്. നല്ല മത്സരത്തോടെയാണ് ഇതുവരെ താന്‍ ജയിച്ചുവന്നിട്ടുള്ളത്. അങ്ങനെ തന്നെ നല്ല രീതിയില്‍ മത്സരം നടന്ന് ജയിച്ച് വരാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും എംപി പറഞ്ഞു. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിച്ചോട്ടെയെന്നും എംപി കൂട്ടിച്ചേര്‍ത്തു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി കെകെ ശൈലജ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം.

വയനാട്ടിലെ വന്യജീവി ആക്രമണത്തിലും കെ മുരളീധരന്‍ എംപി പ്രതികരിച്ചു. വന്യ മൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന് എംപി വിമര്‍ശിച്ചു. എന്നാല്‍ സ്വന്തം രക്ഷയ്ക്ക് വേണ്ടി സമരം ചെയ്യുന്നവരെ കേസില്‍ പ്രതികളാക്കുന്നത് ആദ്യത്തെ സംഭവമാണ്. ഈ രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെങ്കില്‍ അതിശക്തമായ സമരം കര്‍ഷകരുടെ ഭാഗത്ത് നിന്നുണ്ടാകും. കാരണം കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ സാധിക്കുന്നില്ല. കാര്‍ഷിക വിഭവങ്ങളുടെ വിലയിടിയുന്ന ഈ കാലഘട്ടത്തില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Top