കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ മുരളീധരന്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ. മുരളീധരന്‍. ഇതോടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ചാരക്കേസിനെ തുടര്‍ന്ന് കരുണാകരനെ പല സ്ഥലങ്ങളിലും കൂവി അപമാനിക്കുന്ന സാഹചര്യങ്ങള്‍ പോലും അക്കാലത്തുണ്ടായി. വേദനയോടെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നാടിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്ത കരുണാകരനെതിരെയാണ് രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്. ഈ വിധി അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം കെ. കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്ന് മകള്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ നീക്കം ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയ രംഗത്തുള്ള അഞ്ച് നേതാക്കളാണ് പിന്നില്‍. ഇവര്‍ ആരൊക്കെയെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തും. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും പത്മജ പറഞ്ഞു.

തനിക്ക് അറിയാവുന്ന രഹസ്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയുമെന്നും ഉദ്യോഗസ്ഥര്‍ ചിലരുടെ കയ്യിലെ ചട്ടുകം ആയിരുന്നുവെന്നും കേസിന് പിന്നിലെ പുകമറ മാറണമെന്ന് പത്മജ വ്യക്തമാക്കി.

Top