ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയില്‍; കെ മുരളീധരന്‍

നാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി എന്നെ ഏല്പിച്ചിരിക്കുന്നത്.

വടകരയില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നൂറു ശതമാനം ആത്മാര്‍ത്ഥതയോടും ആത്മവിശ്വാസത്തോടെയും ശിരസാ വഹിക്കുകയാണെന്നും കെ മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതിയൊരു പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നത്.ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നത്..

അരും കൊലരാഷ്ട്രീയത്തിനു അന്ത്യം കുറിച്ചേ മതിയാകൂ..ഇനി ഒരു കുടുംബവും അനാഥമാകാന്‍ പാടില്ല.ഇനി ഒരു അമ്മയുടെയും സഹോദരിയുടെയും കണ്ണുനീര്‍ ഇവിടെ വീഴുവാന്‍ പാടില്ല..ഈ ചോരക്കളിക്കെതിരെ വടകര വിധി എഴുതുക തന്നെ ചെയ്യും.കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ താക്കീതാകും വടകര നല്‍കുക.
അരിയില്‍ ഷുക്കൂറിന്റെ ഉമ്മയുടെ…
ചന്ദ്രശേഖരന്റെ ഭാര്യയുടെ…
ശുഹൈബിന്റെ കുടുംബത്തിന്റെ…
ശരത് ലാലിന്റെയും കൃപേഷിന്റേയും തീരാവേദനയുടെ…
വെട്ടി നുറുക്കപ്പെട്ട ഒരുപാട് പേരുടെ ഓര്‍മകളും നെഞ്ചിലേറ്റിയാണ് വടകരയില്‍ എത്തുന്നത്.

കേന്ദ്രത്തില്‍ മോഡിയും കേരളത്തില്‍ പിണറായിയും തീര്‍ത്ത ജനദ്രോഹ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു. ഇതിനുള്ള പരിഹാരം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയാണ്. വര്‍ഗീയതയും മതേതരത്വവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍… രാഹുല്‍ഗാന്ധി ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയും നിലനില്‍പ്പുമാണ്.

ഇന്ന് മുരളീമന്ദിരത്തിലെത്തും…അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണില്‍ പുഷ്പാര്‍ച്ചന നടത്തും…അച്ഛന്റെ പാതയിലൂടെയാണ് എന്നും സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്…അനീതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തില്‍ എന്നും കരുത്തുപകരുന്നത് അച്ഛന്റെ ശൈലിയും ഓര്‍മകളും ആണ്.വൈകുന്നേരം ഗുരുവായൂര്‍ ദര്‍ശനത്തിനു ശേഷം നാളെ വടകരയില്‍ എത്തും. ജനാധ്യപത്യത്തിനും മതേതരത്തിനും വേണ്ടി വിശ്രമമില്ലാത്ത പോരാട്ടത്തിനു തുടക്കമിടുമ്പോള്‍ വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനഃസാക്ഷിയും പിന്തുണയും ഉണ്ടാകുമെന്നു ഉത്തമമായ വിശ്വാസം ഉണ്ട്.എല്ലാ പ്രിയപെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും അകമഴിഞ്ഞ പിന്തുണയും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്.

Top