അനൂപിനെ ബിനീഷ് വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നത്. എങ്കിലും ഉന്നതനായ സിപിഎം നേതാവിന്റെ രണ്ടു മക്കളും നിരന്തരം വിവാദങ്ങളില്‍ കുടുങ്ങുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രമുള്ള വരുമാനം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മരുളീധരന്‍ ചോദിച്ചു.

മോദിക്കെതിരെ സിപിഎം നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ പേരു കൂടി പറഞ്ഞ് കേള്‍ക്കുന്നതിനാല്‍ കോടിയേരി മുന്‍കൈ എടുത്ത് കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിക്കണം. വെഞ്ഞാറമൂട്, പൊന്യം ബോംബ് സ്‌ഫോടനം , മയക്കുമരുന്ന് കേസ് ഇതില്‍ മൂന്നിലും സര്‍ക്കാര്‍ നടപടി എടുക്കണം

ബോംബ് നിര്‍മ്മാണം സിപിഎം കുടില്‍ വ്യവസായമാക്കിയതിന് തെളിവാണ് പാര്‍ട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം. കോണ്‍ഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. സമാധാനം വേണമെന്നതിനാലാണ്. ഇതൊരു ദൗര്‍ബല്യമായി കരുതരുതെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

വെഞ്ഞാറമൂട് കേസിലെ പ്രതികള്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. അവര്‍ ഇപ്പോള്‍ പാര്‍ട്ടി ഭാരവാഹികളോ അംഗങ്ങളോ അല്ല. ചവറ – കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ട എന്നാണ് വ്യക്തിപരമായ അഭിപ്രായം. ജയിച്ചു വന്നാല്‍ ലെറ്റര്‍പാഡ് അടിക്കാനോ നിയമസഭയിലെത്താനോ ചിലപ്പോള്‍ കഴിയില്ലെന്നും വോട്ട് പിടിക്കാന്‍ പോയാല്‍ ഒന്നും വോട്ടര്‍മാരോട് പറയാനുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top